Community Information
-
Astrology ‘ജ്യോതിഷം' എന്ന പമ്പര വിഡ്ഢിത്തം
'ജ്യോതിഷം' എന്ന പമ്പര വിഡ്ഢിത്തം. ഈ 'ജ്യോത്സ്യന്മാർ' സമൂഹത്തിനുണ്ടാക്കി വെക്കുന്ന ദുരവസ്ഥ ഭയാനകമാണ്. ഇത്രയും പുരോഗമിച്ച നമ്മുടെ സമൂഹത്തെ ജ്യോതിഷം എന്ന പമ്പരവിഡ്ഢിത്തം എത്രമാത്രം ആണ് പുറകോട്ടടിപ്പിക്കുന്നത് എന്നറിയാമോ? ദൈനം ദിനം വന്നുകൊണ്ടിരിക്കുന്ന ഇത്തരം വാർത്തകൾ അതിനുദാഹരണമാണ്. എത്ര വിദ്യാഭ്യാസവും വിവരവും ഉള്ളവരായാലും, വീട്ടിൽ നടക്കുന്ന എന്ത് പുതിയകാര്യത്തിനും, ജ്യോൽസ്യന്മാരുടെ തിണ്ണ നിരങ്ങാത്തവർ ചുരുക്കമാണ്. എന്തിനും, ഏതിനും, ജനനം, വിവാഹ നിശ്ചയം, കല്യാണം, പ്രസവം, ഗൃഹനിർമാണം, കുറ്റിയടി, കിണർകുഴി, മരണം, മരണാനന്തരം, അടിയന്തിരം, വാഹനം വാങ്ങൽ, മുഹൂർത്തം, തുടങ്ങി എങ്ങനെ, എപ്പോൾ, എവിടെ മൂത്രം ഒഴിക്കണം, കുനിയണം, നിവരണം, എന്നത് വരെ ജ്യോത്സ്യന്റെ അഭിപ്രായവും, ഉപദേശവും, നിർദേശവും നോക്കി മാത്രം കാര്യങ്ങൾ ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് എന്നത് വസ്തുതയാണ്. ഇത്തരം കുറ്റകൃത്യ വാർത്തകളിൽ ജ്യോതിഷത്തിനുള്ള പങ്കു ഇത്ര വ്യക്തമായി അറിഞ്ഞാലും എത്ര കണ്ടാലും, കേട്ടാലും, ഒക്കെ മിണ്ടാതെ ഇരുന്നു വായിച്ചറിഞ്ഞാലും, സ്വന്തം കാര്യം വരുമ്പോൾ ജ്യോത്സ്യന്റെ പൃഷ്ഠം താങ്ങാൻ ദക്ഷിണയുമായി ഓടുന്നവർ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. പരിതാപകരമായ അവസ്ഥയാണിത്. ഏതു ക്രൈം നടന്നാലും, അതിനു പ്രേരക ശക്തിയായി പിന്നിൽ പ്രവർത്തിക്കുന്ന ഇവറ്റകൾ ഇപ്പോഴും പുറം ലോകം അറിയാതെ രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം പടുവിഡ്ഢികൾക്കെതിരെ കൊലപാതക പ്രേരണ കുറ്റത്തിന്റെ വകുപ്പിൽപെടുത്തി കേസ് എടുക്കുകയാണ് വേണ്ടത്. ജ്യോതിഷം അന്ധവിശ്വാസമാണ്, അത് ഇനി കവടി നിരത്തിയതായാലും, ഹോമം നടത്തിയതായാലും, പഞ്ചാംഗം നോക്കി പറഞ്ഞാലും, പൂജ ചെയ്താലും. ജ്യോൽസ്യന്മാരുടെ വിഡ്ഢിത്തം വിശ്വസിച്ചു കുറ്റകൃത്യം ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ നാൾക്കുനാൾ വർധിക്കുന്നതു വസ്തുതയാണ്, ഭയപ്പെടുത്തുന്നതാണ്. ഈയിടെ, ഒരു പ്രമുഖ ജ്യോത്സ്യന്റെ ഭാര്യ വേറൊരാളുടെ കൂടെ ഒളിച്ചോടിയിട്ടു ത്രികാലജ്ഞാനിയായ ആ ജ്യോൽസ്യൻ അറിഞ്ഞതേയില്ല. കവടി നിരത്തി രാഹുവിന്റേയും, കേതുവിന്റെയും, ഗുളികന്റെയും കണക്കുകൾ കൂട്ടാൻ നിന്നില്ല, പകരം അടുത്തുള്ള പോലീസ് സ്റ്റേഷനിലോട്ടാണോടിയത് എന്നതു തമാശയല്ല. സംഭവിച്ചതാണ്. അത്രയേയുള്ളൂ ജ്യോതിഷം. സംഗീത് കുമാർ സതീഷ് .14
© 2025 Indiareply.com. All rights reserved.